NEWSROOM

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ഇടക്കാല സർക്കാർ ഉറപ്പുനൽകി: പ്രധാനമന്ത്രി

അയൽരാജ്യത്തിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷയിൽ 140 കോടി ഇന്ത്യക്കാർ ആശങ്കാകുലരായിരിക്കെ, കലാപബാധിതമായ ബംഗ്ലാദേശിൽ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്നലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്


ബംഗ്ലാദേശിൽ താമസിക്കുന്ന മുഴുവൻ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ ഉറപ്പുനൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് തന്നെ വിളിച്ച് ഉറപ്പുനൽകിയതായി പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സിൽ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

അയൽരാജ്യത്തിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷയിൽ 140 കോടി ഇന്ത്യക്കാർ ആശങ്കാകുലരായിരിക്കെ, കലാപബാധിതമായ ബംഗ്ലാദേശിൽ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്നലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

"പ്രൊഫസർ മുഹമ്മദ് യൂനസിൽ നിന്ന് ഒരു ടെലിഫോൺ കോൾ ലഭിച്ചു. നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് വീക്ഷണങ്ങൾ കൈമാറി. ജനാധിപത്യപരവും, സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ബംഗ്ലാദേശിനായി ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും എല്ലാ ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷയും അദ്ദേഹം ഉറപ്പുനൽകി," പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ചൊവ്വാഴ്ച ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ ധകേശ്വരി ക്ഷേത്രം സന്ദർശിച്ചപ്പോൾ യൂനുസ് ബംഗ്ലാദേശിലെ ഹിന്ദുക്കളെ സമീപിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം അടുത്തിടെ നടന്ന അക്രമങ്ങളിൽ ന്യൂനപക്ഷങ്ങളെ ആക്രമിച്ചവരെ ശിക്ഷിക്കുമെന്ന് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വാഗ്ദാനം ചെയ്തിരുന്നു.


ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരെ ആക്രമണം നടക്കുന്നതായി അവകാശപ്പെടുന്ന നിരവധി വീഡിയോകൾ ബംഗ്ലാദേശിൽ നിന്ന് വന്നിരുന്നു. ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയും, ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെടുന്ന പുരുഷന്മാരെയും സ്ത്രീകളെയും ജനക്കൂട്ടം ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യൻ കൾച്ചറൽ സെൻ്ററും ഇസ്‌കോൺ ക്ഷേത്രവും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിൻ്റെ അഭിപ്രായങ്ങളും ശ്രദ്ധേയമായിരുന്നു. ബംഗ്ലാദേശുമായുള്ള രാജ്യത്തിൻ്റെ സൗഹൃദത്തിൻ്റെ എല്ലാ പ്രതീകങ്ങളും ആക്രമിക്കപ്പെടുമ്പോൾ, ഇന്ത്യയിലെ ആളുകൾക്ക് നിസ്സംഗത പുലർത്തുന്നത് ബുദ്ധിമുട്ടാണെന്ന് ശശി തരൂർ പറഞ്ഞിരുന്നു.

"ജനാധിപത്യ, ജനകീയ വിപ്ലവം എന്ന് വാഴ്ത്തപ്പെട്ടത് അരാജകത്വത്തിലേക്കും ന്യൂനപക്ഷങ്ങളെയും ഹിന്ദു ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെച്ചുള്ള അക്രമത്തിലേക്കും അധഃപതിച്ചത് അങ്ങേയറ്റം ദാരുണമാണ്. ഇന്ത്യയിൽ നമ്മൾ ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പം നിൽക്കണം. പക്ഷേ, ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ സൗഹൃദത്തിൻ്റെ എല്ലാ പ്രതീകങ്ങളും ആക്രമിക്കപ്പെടുമ്പോൾ നിസ്സംഗത പുലർത്തുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്," തരൂർ ബുധനാഴ്ച വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

SCROLL FOR NEXT